രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു; തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു. തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തിരമായി തീരുമാനമുണ്ടാകുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് കൃത്യമായ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ നിരവധി കത്തുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നു’. പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന നടപടികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ജല്‍ ജീവന്‍ മിഷനിലൂടെ എല്ലാ വീടുകളിലും ജലലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.