Sunday, January 5, 2025
National

ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; രണ്ടാം മൊറട്ടോറിയം ആർക്കൊക്കെ

 

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കുമായി ആർബിഐ ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷംവരെ നീട്ടാൻ അനുവദിക്കും. രണ്ടാംഘട്ട മൊറട്ടോറിയത്തിന്റെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്. വായ്പകളെ നിഷ്‌ക്രിയ ആസ്തി വിഭാഗത്തിലേയ്ക്ക് ഉൾപ്പെടുത്താൻ പാടില്ല.

ഇതുവരെ വായ്പ പുനഃസംഘടന ലഭിക്കാത്തതും 2021 മാർച്ച് 31 വരെ വായ്പകളെ സ്റ്റാൻഡേർഡായി തരംതിരിക്കുന്നതുമായ വായ്പക്കാർക്ക് രണ്ടാം മൊറട്ടോറിയത്തിന് അർഹതയുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത ആദ്യത്തെ വായ്പ മൊറട്ടോറിയം നേടിയ യോഗ്യതയുള്ള വായ്പക്കാർക്കും ഈ മൊറട്ടോറിയം പ്രയോജനപ്പെടുത്താം. മൊറട്ടോറിയം ഇതുവരെ പ്രയോജനപ്പെടുത്താത്തവർക്കും കൊവിഡ‍ിനെ തുടർന്ന് ഇപ്പോൾ തിരിച്ചടവിന് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും രണ്ടാമത്തെ മൊറട്ടോറിയം തിരഞ്ഞെടുക്കാവുന്നതാണ്.

വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഈ മൊറട്ടോറിയം വായ്പക്കാരെ സഹായിക്കും. ആദ്യത്തെ മൊറട്ടോറിയം ഇതിനകം തന്നെ തിരഞ്ഞെടുത്ത വായ്പക്കാർക്ക് ഇപ്പോൾ രണ്ടാമത്തെ മൊറട്ടോറിയം നേടാനും അവരുടെ ശേഷിക്കുന്ന വായ്പ കാലാവധി രണ്ട് വർഷം വരെ നീട്ടാനും കഴിയും. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടു വർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും. വ്യക്തികൾ, ചെറുകിട വ്യാപാരികൾക്കുമാണ് ഇത് ബാധകമാകുക. എന്നാൽ വായ്പ തിരിച്ചടവിന്റെ വർധനയും ക്രെഡിറ്റ് സ്കോറും സംബന്ധിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്.

രണ്ടാമത്തെ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി

വായ്പക്കാർക്ക് മൊറട്ടോറിയത്തിനായി 2021 സെപ്റ്റംബർ 30 വരെ ബാങ്കുകളെ സമീപിക്കാം. എല്ലാ നിബന്ധനകളും പാലിക്കുകയാണെങ്കിൽ, അപേക്ഷ നൽകിയ 90 ദിവസത്തിനുള്ളിൽ ബാങ്കുകൾ പുനഃക്രമീകരണത്തിന് അംഗീകാരം നൽകണമെന്ന് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *