പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരു വർഷത്തോളം കിടപ്പിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
ഹിന്ദി ചലചിത്രലോകത്ത് സംഗീതജ്ഞനായും സംഗീത സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു. 1957-ൽ മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീട് ഗുജറാത്തി ചിത്രങ്ങളിലും പാടി. മൃണാൾ സെന്നിന്റെ ഭുവൻഷോം ഉൾപ്പെടെയുള്ള ചിത്രങ്ങളിലെയും സരിഗമയുടെ ആൽബങ്ങളിലെയും ആലാപനത്തിലൂടെ ശ്രദ്ധ നേടി. ഇതിനിടെ ബൈജു ബാവ്രയെന്ന ഗായകന്റെ വേഷത്തിൽ ജർമൻ ഡോക്യുമെന്ററിയിൽ അഭിനയിക്കുകയും ചെയ്തു.
ഫിലിംസ് ഡിവിഷൻ നിർമിച്ച എഴുപതിലേറെ ഡോക്യുമെന്ററികൾക്കു ശബ്ദം പകർന്ന് ദേശീയ രാജ്യാന്തര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നൂർ ജഹാൻ, ഉമ്രാവ് ജാൻ, ബദ്നാം ബസ്തി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വലിയ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഗുലാം മുസ്തഫ ഖാൻ. മന്നാഡേ, ആശ ഭോസ്ലേ, ഗീത ദത്ത്, എ.ആർ. റഹ്മാൻ, സോനു നിഗം, ഹരിഹരൻ, റാഷിദ് ഖാൻ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഗുരുവായിരുന്നു അദ്ദേഹം.
1991-ൽ പത്മശ്രീയും 2006-ൽ പത്മഭൂഷനും 2018-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 2003-ൽ സംഗീത അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: അമീന ബീഗം. മുർതാസ മുസ്തഫ, ഖാദർ മുസ്തഫ, രബാനി മുസ്തഫ, ഹസ്സൻ മുസ്തഫ എന്നിവരാണ് മക്കൾ.