Saturday, October 19, 2024
National

ബംഗാളിലെ സംഘര്‍ഷം; റിപ്പോര്‍ട്ട് തേടി കേന്ദ്രം: മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

 

ബംഗാളില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷം നടന്ന ബിര്‍ഭൂം കേന്ദ്രസംഘം നാളെ സന്ദര്‍ശിക്കും. പത്തുപേര്‍ കൊല്ലപ്പെടാനിടയാക്കിയ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനെ ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിന്റെ ധാര്‍മിക ഉത്തകരവാദിത്വം ഏറ്റെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുകയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മമത സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതിനാലാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചു. ക്രമസമാധാന നില ആകെ തകര്‍ന്നെന്നും ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കല്‍ക്കട്ടാ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് ബിജെപി ആരോപിക്കുന്നു. അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫയര്‍ഫോഴ്സ് കണ്ടെത്തി. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആക്രമണത്തില്‍ 12 വീടുകളാണ് പൂര്‍ണമായും കത്തി നശിച്ചത്.

ബിര്‍ഭുമിലെ രാംപുര്‍ഘട്ടിലാണ് സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് ശേഷമാണ് വീടുകള്‍ക്കുനേര ആക്രമണമുണ്ടാകുന്നത്. അജ്ഞാതരായ അക്രമികള്‍ ഭാദു പ്രധാന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

ഫയര്‍ ഫോഴസ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ മജിസ്ട്രേറ്റില്‍ നിന്നുള്ളവരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.