കേന്ദ്ര ബജറ്റ് ദിനത്തിലെ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിൽ മാറ്റമില്ലെന്ന് നേതാക്കള്‍
ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് കേന്ദ്ര ബജറ്റ് ദിനത്തിൽ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാക്കള്‍. ഇതിൽ മാറ്റമില്ലെന്നും അന്നേ ദിവസം കാല്‍നടജാഥ നടത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ട്രാക്ടര്‍ പരേഡിനിടെയുണ്ടായ സംഭവ വികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും.
ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 22 എഫ്‌ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച നടന്‍ ദീപ് സിദ്ദു ബിജെപി പ്രവര്‍ത്തകനാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു.
ട്രാക്ടര്‍ റാലിക്കിടെ 17 സ്വകാര്യ വാഹനങ്ങളും എട്ട് ബസുകളും നശിപ്പിക്കപ്പെട്ടതായി പൊലീസ് പറയുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി. 83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്. പൊലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.