ശ്രദ്ധ വാക്കറുടെ കൊലപാതകം; ഡൽഹി പൊലീസ് തയ്യാറാക്കിയത് 3000 പേജുള്ള കുറ്റപത്രം
ഡൽഹിയിലെ ശ്രദ്ധ വാക്കർ കൊലപാതകത്തിൽ ഡൽഹി പൊലീസ് തയ്യാറാക്കിയത് 3000 പേജുള്ള കുറ്റപത്രം. ഫൊറൻസിക്, ഇലക്ട്രോണിക്സ് തെളിവുകളും 100ഓളം പേരുടെ മൊഴിയുമടക്കമാണ് കുറ്റപത്രം. കഴിഞ്ഞ വർഷം മെയ് 18നാണ് ശ്രദ്ധയെ കാമുകനായ അഫ്താബ് പൂനവാല കഴുത്ത് മുറുക്കി കൊലപ്പെടുത്തുന്നത്. കൊലയ്ക്ക് ശേഷം ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.
2019 ലാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മഹാരാഷ്ട്രയിൽ താമസിച്ചിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് ഡൽഹിയിലേക്ക് താമസം മാറുന്നത്. കേൾ സെന്ററിൽ ജോലി ചെയ്തിരുന്ന അഫ്താബ് ഫുഡ് വ്ലോഗർ കൂടിയായിരുന്നു. ദമ്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.
കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അഫ്താബും ശ്രദ്ധയും ഈ ഫ്‌ളാറ്റിൽ എത്തുന്നത്. ശ്രദ്ധയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി, മൃതദേഹം 35 കഷ്ണങ്ങളാക്കിയെന്നും എന്നും പുലർച്ചെ 2 മണിക്ക് പുറത്ത് പോയി മൃതദേഹാവശിഷ്ടങ്ങൾ കളയുമായിരുന്നുവെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി.
ജോലി കഴിഞ്ഞ് 6-7 മണിയോടെ അഫ്താബ് വീട്ടിൽ വരും. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കാട്ടിൽ കൊണ്ടുപോയി കളയും. ഗൂഗിൾ നോക്കി രക്തക്കറ കളയാനുള്ള രാസവസ്തു വാങ്ങി അത് ഫ്രിഡ്ജിലും തറയിലും രക്തക്കറ പറ്റിയ വസ്ത്രത്തിലുമെല്ലാം തേച്ച് കറ കളഞ്ഞു. എന്നാൽ ശ്രദ്ധയുടെ അച്ഛൻ നൽകിയ പരാതിയാണ് അഫ്താബിനെ കുടുക്കുന്നത്. ശ്രദ്ധയെ കാൺമാനില്ലെന്ന പരാതി കിട്ടിയപ്പോൾ തന്നെ അഫ്താബ് സംശയനിഴലിൽ ആവുകയായിരുന്നു.