ശ്രദ്ധ കൊലക്കേസ് : അഫ്താബിന്റെ നുണ പരിശോധനയ്ക്ക് കോടതി അനുമതി
ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്താബിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അഫ്താബിന്റെ നുണ പരിശോധനയ്ക്കും കോടതിയുടെ അനുമതി. ഡൽഹി സർക്കാറിന്റെ പ്രതിമാസ സൗജന്യ വെള്ളത്തിന് പുറമേ അധികമായി വെള്ളം ഉപയോഗിച്ചതിന്റെ ബിൽ കേസിൽ സുപ്രധാന തെളിവാക്കി പൊലീസ് . കൊലപാതകത്തിനുശേഷം രക്തക്കറ കഴുകി കളയാനാണ് വെള്ളം ഉപയോഗിച്ചതെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം.
ഡൽഹി സാകേത് കോടതിയാണ് പ്രതി അഫ്താബിനെ വീണ്ടും അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.കൊല്ലപ്പെട്ട ശ്രദ്ധയുടെ മൊബൈൽഫോൺ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ എന്നിവ കണ്ടെടുക്കണമെന്ന് പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.പ്രതി അഫ്താബ് ശ്രദ്ധയുമായി ഹിമാചൽ , ഉത്തരഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ യാത്ര ചെയ്തതിനാൽ അന്വേഷണം ഇരു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.
പ്രതി അഫ്താബുമായി അന്വേഷണസംഘം ഉടൻ ഹിമാചലിലേക്ക് പോകും. പ്രതി അഫ്താബിനെ കോടതിയിൽ ഹാജരായി ഘട്ടത്തിൽ,അഭിഭാഷകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.വധശിക്ഷ നൽകണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.അഫ്താബിന്റെ നുണ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയത് കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ .രോഹിണിയിലെ ലാബിൽ വച്ചാകും നുണ പരിശോധന. പ്രതി അഫ്താബ് കുറ്റം സമ്മതിച്ചതിന്റെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഡൽഹി പോലീസ് ഇന്ന് നടത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ മുഖം പ്രതി കത്തിച്ചു കളഞ്ഞ പ്രതി, കൊലപാത വിവരം പുറത്തുവരാതിരിക്കാൻ ശ്രമിച്ചു.
ഇൻറർനെറ്റിൽ തിരഞ്ഞ് മൃതദേഹം സംസ്‌കരിക്കാനുള്ള വഴി കണ്ടെത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി ഡൽഹി പോലീസ് അറിയിച്ചു.വെല്ലുവിളികൾ ഏറെ നിറഞ്ഞ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. പ്രതിമാസം സർക്കാർ നൽകുന്ന ഇരുപതിനായിരം ലിറ്റർ വെള്ളത്തിന് പുറമേ അഫ്താബ് കൂടുതൽ വെള്ളം ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ .300 രൂപ ബിൽ വന്നതും ഈ സാഹചര്യത്തിലാണ്. ശ്രദ്ധയെക്കൊന്ന രക്തക്കറ കഴുകിക്കളയാനാണ് വെള്ളം ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. അഫ്താബ് ദിവസവും ടാങ്കിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കുമായിരുന്നുവെന്ന് അയൽവാസികളുടെ മൊഴിയും പോലീസിന്റെ പക്കൽ ഉണ്ട് .