തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയൽ ചുമതലയേറ്റു
മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു. ഇന്ന് രാവിലെയാണ് ഗോയൽ ചുമതലയേറ്റതെന്ന് കമ്മീഷൻ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയൽ നവംബർ 18ന് വിരമിച്ചിരുന്നു.
2027 ഡിസംബർ വരെ പദവിയിൽ തുടരും. 2025 ഫെബ്രുവരിയിൽ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതോടെ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും. ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിൽ രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണർ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കാലാവധി.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ ഗുജറാത്ത് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ നിയമനം. നാഗാലാൻഡ്, മേഘാലയ, ത്രിപുര, കർണാടക എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.