ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നല്ല നിർദേശം; നടപ്പാക്കാൻ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ല നിർദേശമാണെന്നും അത് നടപ്പാക്കാൻ പൂർണ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. വാർത്താ ഏജൻസിയായ എൻ ഐ എക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. എന്നാൽ ഭരണഘടനാ സംബന്ധമായ മാറ്റങ്ങൾ ആവശ്യമുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു
ഭരണഘടനാപ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര ലബ്ധിക്ക് ശേഷമുള്ള പാർലമെന്റ് തെരഞ്ഞെടുപ്പുകൾ അത്തരത്തിലാണ് നടന്നിരുന്നത്. മൂന്ന് തെരഞ്ഞെടുപ്പുകൾ ഇങ്ങനെ ഒരുമിച്ച് നടന്നു. അതിന് ശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാർലമെന്റും കാലാവധി കഴിയുന്നതിന് മുമ്പ് പിരിച്ചുവിടപ്പെട്ടു. തെരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാൻ കാരണമായത് ഇതാണ്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ലൊരു നിർദേശമാണ്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനായി അഞ്ച് വർഷം തികയാത്ത നിയമസഭകൾ പിരിച്ചുവിടാൻ ഭരണഘടനാപ്രകാരം സാധിക്കുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പാർലമെന്റിന്റെ കാലാവധി നീട്ടേണ്ടി വരും. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ കമ്മീഷൻ പൂർണ സജ്ജമാണ്. അഞ്ച് വർഷത്തിലൊരിക്കൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള ശേഷിയും കമ്മീഷനുണ്ടെന്ന് സുശീൽ ചന്ദ്ര പറഞ്ഞു.