വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകൾ തുറക്കുന്നത് ഇനിയും നീളും
വായു മലിനീകരണം രൂക്ഷമായതതിനെ തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അടച്ചിട്ടത് നീട്ടാൻ തീരുമാനം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ അറിയിച്ചു.
വായു മലിനീകരണ തോത് ഉയർന്നു നിൽക്കുന്നതിനിടെയാണ് തീരുമാനം. നവംബർ 13ന് ഒരാഴ്ചത്തേക്കാണ് വായുമലിനീകരണത്തെ തുടർന്ന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. 350നും 400നും ഇടയിലാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് എത്തിയിരിക്കുന്നത്.
രാജ്യ തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണ പ്രശ്‌നത്തിൽ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ലോക്ഡൗൺ ഏർപ്പെടുത്തിക്കൂടെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. മലിനീകരണ തോത് കുറക്കാൻ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കോടതി ചോദിക്കുകയും ചെയ്തിരുന്നു.