കനത്ത മഴയിൽ ബംഗളുരുവിൽ നടുക്കുന്ന മരണം; അടിപ്പാതയിൽ വെള്ളം, കാർ മുങ്ങി, 22 വയസുള്ള ഇൻഫോസിസ് ജീവനക്കാരി മരിച്ചു
ബംഗളുരു: കനത്ത മഴ ബെംഗളുരു നഗരത്തിൽ കനത്ത നാശം വിതയ്ക്കുന്നു. ബംഗളുരു നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലാണു ഭാനു സഞ്ചരിച്ച കാറ് മുങ്ങിപ്പോയത്. വെള്ളത്തിൽ മുങ്ങിയ ഭാനുവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ദുരന്ത നിവാരണ സേനയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ബെംഗളൂരുവിൽ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.