ഡ്രോണുകളുടെ പ്രത്യേകതകളും പ്രവര്‍ത്തനവും അറിയാം; എന്‍റെ കേരളം എക്സിബിഷനിലെ പൊലീസ് സ്റ്റാളില്‍
ആകാശനിരീക്ഷണം നടത്തി ആള്‍ക്കൂട്ടത്തില്‍ നിന്ന് കൃത്യമായി ഒരാളെ കണ്ടെത്താന്‍ കഴിയുന്ന സര്‍വൈലന്‍സ് ഡ്രോണുകളും അവയുടെ പ്രത്യേകതകളും അറിയാം, തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ എക്സിബിഷനിലെ പൊലീസ് സ്റ്റാളിലെത്തിയാല്‍. കേരള പൊലീസിന്‍റെ സ്വന്തം ഡ്രോണ്‍ ഫോറന്‍സിക് ലാബില്‍ വികസിപ്പിച്ചെടുത്ത വിവിധതരം ഡ്രോണുകളാണ് പ്രദര്‍ശനത്തിലുളളത്.
നിര്‍മ്മിതബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സര്‍വൈലന്‍സ് ഡ്രോണുപയോഗിച്ച് കൃത്യതയോടെ കുറ്റവാളികളെ വലയിലാക്കാന്‍ പോലീസിനാകും. ആയിരങ്ങള്‍ അണിനിരക്കുന്ന ഉത്സവാഘോഷങ്ങളിലും സമരമുഖത്തുമെല്ലാം അതിവേഗം കുറ്റവാളികളിലേക്കെത്താന്‍ ഇത്തരം ഡ്രോണുകള്‍ പോലീസിനെ സഹായിക്കും. എണ്ണിയാലൊടുങ്ങാത്ത ആള്‍ക്കൂട്ടമെന്ന് കരുതുന്ന ജനസമുദ്രത്തില്‍ കൃത്യമായി എത്രപേരുണ്ടെന്ന് നിമിഷനേരം കൊണ്ട് നിര്‍മ്മിത ബുദ്ധിയിലൂടെ എണ്ണിയെടുത്തു നല്‍കാനും ഇവയ്ക്കാകും.
ഫെയ്സ് റെക്കഗ്നൈസേഷന്‍ സംവിധാനമുളള ക്യാമറകള്‍ ഉള്‍പ്പെടെയാണ് ഇവയുടെ പ്രവര്‍ത്തനം. പോലീസിന് വേഗം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെങ്ങനെയെന്നും ഇവിടെനിന്നറിയാം. ജലാശയങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാനും കഴിയുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണും പ്രദര്‍ശനത്തിലുണ്ട്. വെളളത്തിനടിയില്‍ നിരീക്ഷണം നടത്തി കൃത്യമായ സ്ഥലം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പോലീസിനെ സഹായിക്കുന്നവയാണ് ഇത്തരം ഡ്രോണുകള്‍.
കൂടാതെ, കുറ്റവാളികള്‍ പൊലീസിനെ കബളിപ്പിച്ച് വെളളത്തില്‍ മുക്കിക്കളയുന്ന തൊണ്ടിമുതലുകള്‍ ഏത് ഭാഗത്ത് എത്ര ആഴത്തിലാണ് ഉള്ളതെന്ന് കൃത്യമായി കണ്ടെത്താനാകും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. വെളളളത്തിനടിയിലെ വസ്തുവിന്‍റെ വ്യക്തമായ ഫോട്ടോ ഉള്‍പ്പെടെ ലഭിക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണം സുഗമമാക്കാനും കഴിയും. ഉരുള്‍പൊട്ടല്‍ പോലെയുളള പ്രകൃതിദുരന്തങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന ഭൂപ്രദേശങ്ങളിലേയ്ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുളള അവശ്യസാധനങ്ങള്‍ അതിവേഗം എത്തിക്കാന്‍ കഴിയുന്ന ഹെവി ലിഫ്റ്റ് ഡ്രോണുകളും പൊലീസ് സ്റ്റാളില്‍ കാണാം. പത്തു മുതല്‍ പതിനഞ്ചു കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഈ ഡ്രോണുകള്‍ ഉപയോഗിച്ച് പത്തട കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം നടത്തി സഹായമെത്തിക്കാന്‍ പൊലീസിനാകും.
ഇവയ്ക്കുപുറമെ ഡ്രോണ്‍ ഫോറന്‍സിക് ലാബില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലന ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ഡ്രോണുകളും പരിചയപ്പെടാന്‍ അവസരമുണ്ട്. വിവിധതരം ഡ്രോണുകളുടെ പ്രത്യേകതകളും അവയുടെ പ്രവര്‍ത്തനവുമെല്ലാം ഡ്രോണ്‍ പൈലറ്റ് പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമായി വിശദീകരിച്ചുനല്‍കും. ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആന്‍റ് റിസര്‍ച്ച് സെന്‍ററിലെ ഓപ്പറേഷന്‍സ് ഓഫീസര്‍ കൂടിയായ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.പി. പ്രകാശിന്റെ നേതൃത്വത്തിലുളള അഞ്ചു പൊലീസ് ഉദ്യോഗസ്ഥരാണ് പൊലീസിന്‍റെ ഡ്രോണ്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നത്.