സുഡാന്‍ സംഘര്‍ഷം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സുഡാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സഹായം അഭ്യര്‍ത്ഥിച്ച് നിരവധി മലയാളികളാണ് സര്‍ക്കാരിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു.
വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമദാന്‍ കണക്കിലെടുത്താണ് തീരുമാനം.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ആര്‍എസ്എഫ് പറയുന്നു. അതേസമയം സൈന്യത്തില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരികയെന്ന് ആര്‍എസ്എഫ് അറിയിച്ചു. സുഡാനില്‍ നേരത്തെ രണ്ട് തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല. ആര്‍എസ്എഫുമായുള്ള ചര്‍ച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവന്‍ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ നേരത്തെ തള്ളുകയും ചെയ്തിരുന്നു.