മമ്മൂട്ടി അയക്കുന്ന രണ്ടാംഘട്ട മെഡിക്കൽ സംഘം ഇന്ന് ബ്രഹ്മപുരത്ത്
ബ്രഹ്മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് നടൻ മമ്മൂട്ടി അയക്കുന്ന രണ്ടാംഘട്ട മെഡിക്കൽ സംഘം ഇന്ന് മുതൽ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് വിഷപ്പുക ബാധിത പ്രദേശങ്ങളിൽ ആശ്വാസവുമായി എത്തുന്നത്.
വിഷപ്പുകയ്ക്ക് പിന്നാലെ കണ്ണുകള്‍ക്ക് നീറ്റലും ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും ആളുകൾക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുക ഏറ്റവും കൂടുതൽ വ്യാപിച്ച മേഖലകളെ കേന്ദ്രീകരിച്ചാണ് ഇക്കുറിയും വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ ഒപ്റ്റോമെട്രിസ്റ്റ്, നഴ്സ്, ആവശ്യമായ മരുന്നുകൾ എന്നിവയും അടങ്ങിയ സഞ്ചരിക്കുന്ന വൈദ്യസഹായ സംഘം വീടുകളിൽ എത്തി പരിശോധന നടത്തും.
മമ്മൂട്ടി ഒരുക്കിയ ആലുവ രാജഗിരി ആശുപത്രിയിൽ നിന്നുള്ള മൊബൈൽ മെഡിക്കൽ സംഘം കഴിഞ്ഞയാഴ്ച മൂന്ന് ദിവസം ബ്രഹ്മപുരത്ത് സേവനത്തിനുണ്ടായിരുന്നു. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ അവർ വീട്ടിൽ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ആണ് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.