2024ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തും: ഖാർഗെ
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് മറ്റ് പാർട്ടികളുമായി ചർച്ച നടത്തുകയാണെന്നും 2024ൽ അധികാരത്തിൽ എത്തുമെന്നും ഖാർഗെ പറഞ്ഞു. റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നാഗാലാൻഡിലെ ചുമുകെദിമയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി കർണാടക, മണിപ്പൂർ, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് സംസാരിക്കുന്ന കേന്ദ്ര സർക്കാർ ജനാധിപത്യവിരുദ്ധ പ്രവൃത്തികളാണ് നടത്തുന്നത്.
കേന്ദ്ര സർക്കാർ ഭരണഘടനയെ പിന്തുടരുന്നില്ലെന്നും ജനാധിപത്യ തത്വങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നരേന്ദ്ര മോദി ഓർക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ, ഒരു ഏകാധിപതിയെ പോലെ ഭരിക്കാൻ കഴിയില്ല. 2024ൽ ജനങ്ങൾ കേന്ദ്ര സർക്കാരേ ഒരു പാഠം പഠിപ്പിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.