ലോകകപ്പ് വാച്ച് പാർട്ടിക്കിടെ മുംബൈയിൽ അഞ്ചാം നിലയിൽ നിന്ന് വീണ് 3 വയസുകാരൻ മരിച്ചു
ലോകകപ്പ് വാച്ച് പാർട്ടിക്കിടെ അഞ്ചാം നിലയിൽ നിന്ന് വീണ് 3 വയസുകാരനായ ഹൃദ്യാൻഷ് റാത്തോഡ് മരിച്ചു. മുംബൈയിലെ ഒരു നൈറ്റ് ക്ലബിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അർജൻ്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെയായിരുന്നു ഹൃദയഭേദകമായ സംഭവം.
ചർച്ച്ഗേറ്റിലെ ഗർവാരെ ക്ലബിലാണ് ഹൃദ്യാൻഷും കുടുംബവും കളി കാണാനായി എത്തിയത്. ക്ലബിൻ്റെ ആറാം നിലയിലാണ് ബിഗ് സ്ക്രീനിൽ കളി പ്രദർശിപ്പിച്ചിരുന്നത്. ഇതിനിടെ, രാത്രി 10.40ഓടെ ഹൃദ്യാൻഷ് അഞ്ചാം നിലയിലുള്ള ശൗചാലയത്തിലേക്ക് പോയി. ഹൃദ്യാൻഷിനൊപ്പം 11 വയസുകാരനായ ബന്ധു വിവാനുമുണ്ടായിരുന്നു. ശൗചാലയം ഉപയോഗിച്ച് തിരിച്ച് വരുന്നതിനിടെ മുന്നിൽ നടക്കുകയായിരുന്ന വിവാൻ ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ ഹൃദ്യാൻഷ് പടിയിൽ നിന്ന് താഴെവീണെന്ന് മനസ്സിലാക്കി. ഉടൻ തന്നെ വിവാൻ വിവരം ആളുകളെ അറിയിച്ചു. നിലത്ത് വീണുകിടക്കുന്ന നിലയിലാണ് ഹൃദ്യാൻഷിനെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്യാൻഷ് ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങി.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് കഴിഞ്ഞ ദിവസം ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.