പ്രീ ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് ഓസ്ട്രേലിയൻ കടമ്പ; ഫ്രാൻസിന് പോളണ്ട് എതിരാളികൾ
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായി അർജൻ്റീന പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ വരവ്. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസിന് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് എതിരാളികളാവും. നെതർലൻഡ്സ് – യുഎസ്എ, ഇംഗ്ലണ്ട് – സെനഗൽ എന്നീ മത്സരങ്ങളാണ് നിലവിൽ പ്രീ ക്വാർട്ടർ ഘട്ടത്തിൽ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനക്കാരായും സെനഗൽ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടും യുഎസ്എയുമാണ് ആദ്യ ഘട്ടം കടന്നത്. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് ഈ മത്സരങ്ങൾ.
പ്രീ ക്വാർട്ടറുകളിൽ അർജൻ്റീന, ഫ്രാൻസ് ടീം വിജയിക്കുകയാണെങ്കിൽ ക്വാർട്ടറിൽ ഇരുവരും ഏറ്റുമുട്ടും. ഫ്രാൻസ് ചാമ്പ്യന്മാരായ കഴിഞ്ഞ ലോകകപ്പിൻ്റെ പ്രീ ക്വാർട്ടരിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. കളിയിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് അർജൻ്റീനയെ വീഴ്ത്തി.