Thursday, January 9, 2025
National

ഡൽഹിയിൽ കനത്ത പുകമഞ്ഞ്; ദേശീയപാതകളിൽ ദൃശ്യപരിധി 50 മീറ്ററിൽ താഴെ, പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു

ഡൽഹിയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് ദേശീയപാതകളിൽ ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വിമാനസർവീസുകളെ ഉൾപ്പടെ പുകമഞ്ഞ് സാരമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ കട്ടിപുകയോട് കൂടിയ കനത്ത മഞ്ഞാണ് വ്യാപിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടന ലോകത്തിലെ രണ്ടായിരത്തോളം നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ നൽകുന്ന സൂചനയനുസരിച്ച് സമീപ വർഷങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് ഭയാനകമായ രീതിയിലാണ് വർധിച്ചിരിക്കുന്നത്. മൂടൽമഞ്ഞ് , പുക എന്നിവ ചേരുമ്പോഴാണ് പുകമഞ്ഞ് രൂപപ്പെടുന്നത്. കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും വാഹനങ്ങളുടെയും മറ്റും പുകയും നിർമാണ പ്രവർത്തനങ്ങളുമെല്ലാം ഇവിടെ വില്ലൻമാരായി മാറുകയാണ്.

അടുത്ത സംസ്ഥാനങ്ങളിലെ കൃഷിസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ പെ‍ാടിപടലങ്ങളും വാഹനങ്ങൾ പുറന്തള്ളുന്ന പുകയും ഉൾപ്പെടെ സമുദ്രസാമീപ്യമില്ലാത്ത ഡൽഹിയുടെ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നുണ്ട്. അവയെ മഞ്ഞ് ആഗിരണം ചെയ്ത്, വാഹനങ്ങളുടെ പുകകൂടിയാകുമ്പോഴാണ് അതു പുകമഞ്ഞായി മാറുന്നത്. അന്തരീക്ഷവായുവിന്റെ സ്വാഭാവിക സന്തുലനാവസ്ഥ തകിടംമറിക്കുന്ന തരത്തിൽ മറ്റു പദാർഥങ്ങൾ കൂടിയ അളവിൽ അന്തരീക്ഷത്തിലെത്തുമ്പോഴാണ് വായു മലിനമാവുന്നത്.

മോട്ടോർ വാഹനങ്ങളുടെ പുക, വ്യവസായശാലകളുടെ പുകക്കുഴലുകളിൽ നിന്ന് വരുന്ന വിഷപ്പുക, ഊർജോൽപാദന പ്രവർത്തനങ്ങളിൽ നിന്നുള്ള മാലിന്യം, വീടുകളിലെ വിറക് കത്തിക്കൽ, ഇന്ധനങ്ങളുടെ അപൂർണ ജ്വലനം, പ്ലാസ്റ്റിക്ക് കത്തിക്കൽ, ഖനനം മൂലം അന്തരീക്ഷത്തിൽ കലരുന്ന മാലിന്യങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയെല്ലാം അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്ന ഘടകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *