ഖാലിസ്ഥാൻ ഭീകരൻ ലാഹോറിൽ മരിച്ചു
ഖാലിസ്ഥാനി ഭീകരൻ ഹർവീന്ദർ സിംഗ് റിന്‌ദ പാകിസ്താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണകാരണം അറിവായിട്ടില്ലെങ്കിലും ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മെയ് മാസത്തിൽ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് ആർപിജി ആക്രമണം നടത്തിയ കേസിൽ അടക്കം പ്രതിയാണ് ഇയാൾ.
വൃക്കസംബന്ധമായ തകരാറിനെ തുടർന്ന് തിങ്കളാഴ്ചയാണ് റിന്‌ദയെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. മരണകാരണത്തെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നതിനിടയിൽ ദാവീന്ദർ ഭാംബിഹ മാഫിയ ഗ്രൂപ്പാണ് വിവരം സ്ഥിരീകരിച്ചത്. ഐഎസ്‌ഐയുടെ പിന്തുണയുള്ള റിന്‌ദ പഞ്ചാബിൽ തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടിരുന്നു.
പഞ്ചാബിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കുറ്റവാളികൾക്ക് അത്യാധുനിക ആയുധങ്ങൾ, കൊക്കെയ്ൻ, ടിഫിൻ സ്ഫോടകവസ്തുക്കൾ, പണം എന്നിവ അതിർത്തി വഴി കടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ചെയ്യാനും ഇയാൾ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിൽരഹിതരായ യുവാക്കളെ റിക്രൂട്ട് ചെയ്യാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) എന്ന ഭീകര സംഘടനയുമായും റിന്‌ദ സഹകരിച്ചിരുന്നു. കൊലപാതകം, കരാർ കൊലപാതകം, കവർച്ച, കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ 24 ഭയാനകമായ കുറ്റകൃത്യങ്ങൾക്ക് പഞ്ചാബ് പൊലീസ് തിരയുന്നയാളാണ്. പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ മുമ്പ് സജീവമായിരുന്ന റിന്‌ദ ചരിത്ര രേഖയായിരുന്നു.