ഐപിഎൽ വാതുവെപ്പ്; മലയാളികൾ ഉൾപെടെ 27 പേർ അറസ്റ്റിൽ
ബാംഗ്ലൂർ: ഐ.പി.എൽ വാതുവെപ്പു കേസിൽ ബന്ധപ്പെട്ട് മലയാളികൾ ഉൾപെടെ 27 പേരെ ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. തൃശ്ശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.
ബാംഗ്ലൂരിലെ ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചത്. നിരവധി മലയാളികൾക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം തുടങ്ങി കഴിഞ്ഞു എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഹോട്ടലിൽ നിന്ന് ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.