Monday, January 6, 2025
National

സൈനിക വേഷം ധരിച്ച് ആയുധങ്ങൾ മോഷ്ടിച്ചു; മണിപ്പൂരിൽ 5 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം

മണിപ്പൂരിൽ സൈനിക വേഷം ധരിച്ച് തോക്കുകൾ മോഷ്ടിച്ച അഞ്ച് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം. പൊലീസിൻ്റെ ആയുധപ്പുരയിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച യുവാക്കൾക്കെതിരെയാണ് കേസെടുത്തത്. രണ്ട് റൈഫിളുകൾ, 128 റൗണ്ട് വെടിക്കോപ്പുകൾ എന്നിവ അടക്കമാണ് ഇവരെ പിടികൂടിയത്.

മണിപ്പൂർ കലാപത്തിൻ്റെ ആദ്യ നാളുകളിലാണ് ഇവർ മോഷണം നടത്തിയത്. ഇവരിൽ ഒരാൾ നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗമായിരുന്ന 45കാരനാണ്. ഇയാൾക്കെതിരെ ദേശ സുരക്ഷാ നിയമവും ചുമത്തി.

മണിപ്പൂരിൽ കഴിഞ്ഞ ദിവസം സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. കാങ്‌പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് അഗം സെർട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

സെർട്ടോ തങ്താങ് കോം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സൈനികനെ വീട്ടിൽ നിന്ന് കാണാതാകുന്നത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ ആയുധധാരിയാണ് സൈനികനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ.

സംഭവം നടക്കുന്ന സമയം വീട്ടിൽ സൈനികനും പത്ത് വയസുകാരനായ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടി നൽകിയ വിവരമനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വീട്ടുമുറത്ത് നിൽക്കുകയായിരുന്ന സൈനികനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വെള്ള നിറത്തിലുള്ള കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് മകൻ പൊലീസിൽ മൊഴി നൽകി. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധ സാമഗ്രികളും കണ്ടെടുത്തിരുന്നു. ആകെ 15 ആയുധങ്ങൾ കണ്ടെടുത്തു. ഇതിൽ 14 മോർട്ടാറുകളും ഒരു സിംഗിൾ ബാരൽ തോക്കും ഉൾപ്പെടുന്നു.

മണിപ്പൂരിൽ നാല് മാസമായി തുടരുന്ന വംശീയ സംഘർഷത്തിൽ 175 പേർ കൊല്ലപ്പെടുകയും 1,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, 32 പേരെ കാണാതായിട്ടുണ്ട്. മെയ് മാസത്തിൽ ആരംഭിച്ച അക്രമത്തിൽ ഇതുവരെ 4,786 വീടുകൾക്ക് തീയിടുകയും 386 ആരാധനാലയങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *