നീറ്റ് , ജെ.ഇ.ഇ പരീക്ഷകളുടെ പ്രോട്ടോകോൾ പ്രഖ്യാപിച്ചു
അടുത്ത മാസം നടക്കുന്ന എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ (ജെഇഇ- മെയിന്‍, എന്‍ഇഇടി) പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പനിയോ ഉയര്‍ന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാകും പരീക്ഷ എഴുതിക്കുക.
പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ശരീര പരിശോധന നടത്തേണ്ടതില്ലെന്നും അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണമെന്നും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ പ്രോട്ടോക്കോളില്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലാണ്, ഇരുപത്തിയഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പരീക്ഷ.
പരീക്ഷ ഹാളില്‍ ഫെയ്സ് മാസ്‌ക് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കും. ഗ്ലൗസുകള്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. പരീക്ഷ ഹാളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക കുടിവെള്ള ബോട്ടിലുകളില്‍ വെള്ളം ഉറപ്പാക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. പരീക്ഷ ഹാളില്‍ ഉള്ള അധ്യാപകരും മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം എന്നും സുരക്ഷാ മാര്‍ഗ്ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് സുരക്ഷ പ്രോട്ടോകോള്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും പരീക്ഷ നടത്തിപ്പ് എന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ പ്രോട്ടോകോള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും എന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.