മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തി; കാമുകിയടക്കം മൂന്ന് പേർ പിടിയിൽ
ഉത്തരാഖണ്ഡിൽ 30കാരനായ ബിസിനസുകാരനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇയാൾക്ക് ലഹരി നൽകി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ കാമുകിയും പാമ്പ് പിടുത്തക്കാരനുമടക്കം മൂന്ന് പേർ പിടിയിലായി. ഗൂഢാലോചനയിൽ പങ്കാളിയായ മറ്റു രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ജൂലൈ 15നാണ് ബിസിനസുകാരനായ അങ്കിത് ചൗഹാനെ തൻ്റെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൽദ്വാനിയിലെ റോഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു അങ്കിതിൻ്റെ കാർ. അമിതമായ അളവിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്നാകാം മരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമായി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം പാമ്പിൻ വിഷമാണ് എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അങ്കിതിൻ്റെ കാമുകി മാഹിയിലേക്കെത്തിയത്. മാഹിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ച പൊലീസ് പാമ്പ് പിടിത്തക്കാരൻ രമേശ് നാഥുമായി യുവതി നിരന്തരം ഫോൺ സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ പൊലീസ് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു. തുടർന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ജൂലൈ 14നായിരുന്നു കൊലപാതകം. സംഭവ ദിവസം അങ്കിത് മാഹിയുടെ വീട്ടിൽ പോയിരുന്നു. ഈസമയത്ത് പ്രതികളെല്ലാവരും വീട്ടിലുണ്ടായിരുന്നു. ലഹരി നൽകി അങ്കിതിനെ ബോധം കെടുത്തിയ ശേഷമാകാം കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.