ഡൽഹിയിലെ അധികാര തർക്കം; സുപ്രിം കോടതി വിധിക്ക് എതിരെ പുന:പരിശോധനാ ഹർജ്ജി നൽകി കേന്ദ്രം
ഡൽഹിയിലെ അധികര തർക്ക വിഷയത്തിൽ സുപ്രിം കോടതി വിധിയ്ക്ക് എതിരെ പുന:പരിശോധനാ ഹർജ്ജി സമർപിച്ച് കേന്ദ്രസർക്കാർ. ഡൽഹി സർക്കാരിന് സുപ്രിം കോടതി വിധിയിലൂടെ ലഭിച്ച അധികാരത്തെ മറികടക്കാൻ ഓർഡിനൻസ് ഇറക്കിയതിന്റെ പിന്നാലെ ആണ് പുന:പരിശോധനാ ഹർജ്ജി നൽകാനുള്ള നീക്കം. കേന്ദ്രസർക്കാർ നടപടികൾ ജനാധിപത്യ വിരുദ്ധവും ഭരണഘടനയെ അപമാനിക്കലും ആണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.
ഡൽഹി സർക്കാരിന് സുപ്രിം കോടതി വിധിയിലൂടെ ഉദ്യോഗസ്ഥ നിയമനത്തിലടക്കം സമ്പൂർണ്ണ അധികാരം കൈവന്നിരുന്നു. ഇത് മറികടക്കാനായി ഇന്നലെയാണ് കേന്ദ്ര സർക്കാർ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി ഓർഡിനൻസ് ഇറക്കിയത്. ഡൽഹിയിലെ അധികാര തർക്ക വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിയ്ക്കുന്നതല്ല സുപ്രിംകോടതി ഉത്തരവെന്നാണ് കേന്ദ്രസർക്കാരിന്റെ ഹർജ്ജിയിലെ വാദം.
തിരഞ്ഞെടുക്കപ്പെട്ട നിയമസഭയെ അനാദരിയ്ക്കുന്ന ഇടപെടൽ കേന്ദ്രം നടത്തുന്നു എന്ന പ്രതീതി സുപ്രിംകോടതി ഉത്തരവ് ജനിപ്പിക്കുന്നതായി ഹർജ്ജിയിൽ ആരോപിയ്ക്കുന്നു. വസ്തുതാപരമായി ഇത് തെറ്റാണ്. രാജ്യ തലസ്ഥാനം എന്ന നിലയിൽ അതീവ പ്രാധാന്യമുള്ള വിഷയങ്ങളിൽ കേന്ദ്ര ഇടപെടൽ എല്ലാ ഘട്ടങ്ങളിലും അനിവാര്യമാണ്. ഭരണഘടനയുടെ ആ താത്പര്യം സുപ്രിം കോടതി ഉത്തരവ് ലംഘിയ്ക്കുന്നതായും കേന്ദ്രസർക്കാർ ഹർജ്ജിയിൽ ആരോപിയ്ക്കുന്നു.
ർജ്ജിയും ഒർഡിനൻസും കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. വിഷയത്തെ തുടർന്നും രാഷ്ട്രിയമായും നിയമപരമായും നേരിടും. സുപ്രിം കോടതി വിധിയ്ക്ക് പിന്നാലെ ലഫ്റ്റനന്റ് ഗവർണ്ണറുടെ ഇടപെടലുകൾ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാർ സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.