Saturday, October 19, 2024
National

‘രാഹുലിനെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ട’; കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ വിധി സ്റ്റേ ചെയ്യാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാഹുലിന്റെ അപ്പീല്‍ തള്ളിയ കോടതി വിധി ദൗര്‍ഭാഗ്യകരവും തെറ്റുമാണന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. സൂറത്ത് സെഷന്‍സ് കോടതി വിധിയ്‌ക്കെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാഹുല്‍ ഗാന്ധി തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. രാഹുലിനെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പറയുന്നത്. എന്നാല്‍ പരാതി നല്‍കിയത് നരേന്ദ്രമോദിയല്ലെന്നും അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പരാമര്‍ശം പിന്നാക്ക വിഭാഗങ്ങള്‍ക്ക് എതിരല്ല. വിധിയ്ക്ക് ആധാരമായി പറയുന്ന കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനനഷ്ടക്കേസിലെ ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീലാണ് സൂറത്ത് സെഷന്‍സ് കോടതി തള്ളിയത്. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്‌റ്റേ നേടുന്നതിനായി രാഹുല്‍ നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളില്‍ സ്‌റ്റേ സമ്പാദിക്കുക എന്നത് രാഹുലിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

മാനനഷ്ടക്കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും തുടരും. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. രാഹുലിന്റെ സഭാംഗത്വം നഷ്ടമാകാതിരിക്കണമെങ്കില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് ഒരു മാസത്തിനകം സ്‌റ്റേ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ഇനി അവശേഷിക്കുന്ന മൂന്ന് ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിയ്‌ക്കേണ്ടത് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published.