വന്ദേഭാരതിന്റെ വരവ്: സില്‍വര്‍ലൈന്‍ സ്വപ്‌നങ്ങള്‍ സജീവമാക്കി സിപിഐഎം; പദ്ധതി നടപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍
വന്ദേഭാരത് ട്രെയിനിന്റെ വരവിന് പിന്നാലെ സില്‍വര്‍ലൈന്‍ സ്വപ്നങ്ങള്‍ കൂടുതല്‍ സജീവമാക്കി സിപിഐഎം. സില്‍വര്‍ ലൈന്‍ പദ്ധതി പിണറായി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. വന്ദേഭാരത് സില്‍വര്‍ലൈന് ബദലല്ല. സില്‍വര്‍ലൈന് കേന്ദ്രം അനുമതി നല്‍കേണ്ടി വരുമെന്നും എം.വി.ഗോവിന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍ട്ടിമുഖപത്രത്തിലെ നേര്‍വഴിയെന്ന പംക്തിയിലാണ് വരും സില്‍വര്‍ലൈനും എന്ന തലക്കെട്ടില്‍ എം.വി.ഗോവിന്ദന്റെ പ്രഖ്യാപനം. നാലുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കേരളത്തിന് അര്‍ഹമായ വന്ദേഭാരത് ട്രെയിന്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും വന്ദേഭാരത് കേരളത്തിന് ലഭിക്കുമായിരുന്നില്ല. വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പൂര്‍ണമനസോടെ സിപിഐഎം വന്ദേഭാരതിനെ സ്വാഗതം ചെയ്യുകയാണെന്നും എം.വി.ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു. തുടര്‍ന്ന് എന്തുകൊണ്ട് വന്ദേഭാരത് സില്‍വര്‍ലൈന് ബദലാകുന്നില്ല എന്ന് അദ്ദേഹം വിശദീകരിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ വെല്ലാന്‍ ബിജെപിക്ക് എന്നല്ല കേന്ദ്ര സര്‍ക്കാരിനും കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതരാകും. രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കുമാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളൂ. കേരളത്തിലെ ബിജെപിയും യുഡിഎഫും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നും എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തുന്നു.