Monday, January 6, 2025
National

മദ്യനയ അഴിമതിക്കേസിൽ തനിക്കെതിരെ സിബിഐയുടെ പക്കൽ തെളിവില്ലെന്ന് സിസോദിയ

ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും സിബിഐയുടെ പക്കലില്ലെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിബിഐ കേസിൽ താൻ ഒഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുഖേന ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ഡൽഹി എക്‌സൈസ് നയം അഴിമതിക്കേസിൽ ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ സിസോദിയ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ശർമ വാദം കേൾക്കുന്നത്. സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ ഹാജരായി. സിസോദിയ ഒഴികെയുള്ള എല്ലാ പ്രതികളും ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും സിസോദിയക്കെതിരെ തെളിവുകളൊന്നും ഏജൻസിയുടെ പക്കലില്ലെന്നും കൃഷ്ണൻ പറഞ്ഞു.

മനീഷ് സിസോദിയ സഹകരിക്കുന്നില്ലെന്ന സിബിഐയുടെ വാദം തെറ്റാണ്. ചോദ്യം ചെയ്യലുമായി സിസോദിയ പൂർണമായും സഹകരിക്കുന്നുണ്ട്. എന്നാൽ സിബിഐ ആഗ്രഹിക്കുന്ന ഉത്തരം നൽകാൻ കഴിയില്ലെന്നും ജാമ്യം നിഷേധിക്കാനുള്ള കാരണമായി ഇത് ഉന്നയിക്കാനാവില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സി.ബി.ഐ ഉദ്ധരിച്ച കണക്കുകൾ വെറും കടലാസിൽ മാത്രമാണെന്നും, പണമിടപാട് കണ്ടെത്തിയിട്ടില്ലെന്നും സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മോഹിത് മാത്തൂർ പറഞ്ഞു.

അതേസമയം, ഹർജിക്കാരന്റെ വാദം അവസാനിച്ചതിനാൽ സിബിഐയുടെ വാദം കേൾക്കുന്നതിനായി കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *