ജമ്മു കശ്മീരിലെ മണ്ണിടിച്ചിൽ; 13 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു, ദുരന്ത ബാധിതർ സുരക്ഷിത കേന്ദ്രങ്ങളിൽ
ജമ്മു കശ്മീരിലെ റാംബാനിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടങ്ങൾ. നിരവധി വീടുകളും റോഡുകളും മണ്ണിടിച്ചിലിൽ തകർന്നു. 13 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ദുരന്ത ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ദുക്സർ ദാലിന്റെ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
33 കെവി വൈദ്യുത ലൈനിനും, കുടുവെള്ള പൈപ്പ് ലൈനിനും കേടുപാടുകൾ സംവിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. GSIയുടെ വിദഗ്ദ്ധ സംഘം ഉടൻ സംഭവസ്ഥലം പരിശോധിക്കും. പ്രദേശവാസികൾ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. തകർന്ന വീടുകളിൽ നിന്ന് കന്നുകാലികളെയും വിലപിടിപ്പുള്ള വസ്‌തുക്കളും മാറ്റിയിട്ടുണ്ട്.
റംബാൻ ജില്ലയിലെ ദൽവ മേഖലയിൽ ഇന്നലെ പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ പൂർണമായും നിലംപൊത്തുകയായിരുന്നു. ഇടിഞ്ഞു വീണ മണ്ണ് മാറ്റുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായ ദൽവ മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തിയിരുന്നു.
ഇന്നലെ തന്നെ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു. വീടുകൾക്ക് മുകളിൽ മാത്രമല്ലസ, കൃഷിയിടങ്ങളിലേക്കും മണ്ണ് ഇടിഞ്ഞിട്ടുണ്ട്.