പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
തിരുവനന്തപുരം പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടഞ്ഞത്. റോഡിൽ മണ്ണ് മൂടിയതോടെ പ്രദേശത്തെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
മണ്ണ് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. നൂറോളം കുടുംബങ്ങളാണ് റോഡിനു മറ വശത്തുള്ള ലയങ്ങളിൽ താമസിക്കുന്നത്.
അതേസമയം ചാലക്കുടി പുഴയുടെ തീരത്തുള്ള തിരുത്ത തുരുത്തിൽ 150 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. തുരുത്തിലേക്കുള്ള വഴികളിൽ വെള്ളം കയറി. തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബോട്ട് ഇറക്കി അവശ്യ സാധനങ്ങൾ എത്തിക്കുന്നു.
ഇതിനിടെ വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് പുതിയ ക്യാമ്പുകൾ തുറന്നത്. ഇതോടെ താലൂക്കിലാകമാനം തുറന്ന ക്യാമ്പുകളുടെ എണ്ണം 42 ആയി. വിവിധ ക്യാമ്പുകളിലായി 422 കുടുംബങ്ങളിലെ 1315 പേരെയാണ് മാറ്റിപ്പാർച്ചിരിക്കുന്നത്. വെള്ളം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.
മഴക്കെടുതിയെത്തുടർന്ന് കോട്ടയം ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 505 കുടുംബങ്ങളിൽനിന്നുള്ള 1583 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെത്തുടർന്ന് കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ ക്യാമ്പുകൾ തുറന്നത്. മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 28, ചങ്ങനാശേരി-3, വൈക്കം- 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.