നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് മേഘാലയ സർക്കാർ; രോഷത്തോടെ ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് കായികവകുപ്പ്. നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ സ്റ്റേഡിയം നൽകാനാവില്ലെന്ന് സർക്കാർ അറിയിച്ചു. ഈ മാസം 24ന് പശ്ചിമ ഗ്വാരോ ഹിൽസ് ജില്ലയിലെ സ്റ്റേഡിയത്തിലായിരുന്നു റാലി തീരുമിച്ചിരുന്നത്.
ഇതിനോടു രോഷത്തോടെയാണു ബിജെപി പ്രതികരിച്ചത്. ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) തൃണമൂൽ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമൊപ്പം സംസ്ഥാനത്ത് ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണു ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഫെബ്രുവരി 24ന് ഷില്ലോങ്ങിലും ടുറയിലും പ്രചാരണം നടത്താനായിരുന്നു.
സ്റ്റേഡിയത്തിൽ ചില പണികൾ നടക്കുന്നുണ്ടെന്നും അതിന്റെ സാമഗ്രികൾ ഉൾപ്പെടെയുള്ളവ സ്ഥലത്തുണ്ടെന്നും ഇതു സുരക്ഷാപ്രശ്നം സൃഷ്ടിക്കുമെന്നുമാണ് കായിക വകുപ്പിന്റെ നിലപാട്. അലോട്ഗ്രെ ക്രിക്കറ്റ് സ്റ്റേഡിയം പരിഗണിക്കൂയെന്നും അറിയിച്ചതായി ജില്ലാ ഇലക്ടറൽ ഓഫിസർ സ്വപ്നിൽ ടെംബെ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
പി.എ. സാങ്മ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി സംസ്ഥാന ബിജെപി നേതൃത്വമാണ് അനുമതി തേടിയത്. മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ സ്വന്തം മണ്ഡലമായ സൗത്ത് ടുറയിലാണ് സ്റ്റേഡിയം. എന്നാൽ സ്റ്റേഡിയത്തിൽ പണി നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കായിക വകുപ്പ് അനുമതി നിഷേധിച്ചത്.
127 കോടി രൂപയ്ക്കു നിർമിച്ച സ്റ്റേഡിയമാണിത്. ഇതിന്റെ ചെലവിൽ 90 ശതമാനവും കേന്ദ്രത്തിന്റേതായിരുന്നെങ്കിലും ഇക്കഴിഞ്ഞ ഡിസംബർ 16ന് മുഖ്യമന്ത്രി തന്നെ അത് ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടനം ചെയ്ത് വെറും രണ്ടുമാസത്തിനുള്ളിൽ വീണ്ടും പണി നടക്കുകയാണെന്നും പ്രധാനമന്ത്രിക്കായി നൽകാനാകില്ലെന്നും പറയുന്നതിൽ അദ്ഭുതമുണ്ടെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റിതുരാജ് സിൻഹ പറഞ്ഞു.