Wednesday, April 16, 2025
National

ഇന്ത്യ-ചൈന സംഘ‌ർഷം; ചർച്ച വേണമെന്ന് കോൺഗ്രസ്, പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും

ഇന്ത്യ-ചൈന സംഘ‌ർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. ചൈന വിഷയത്തില്‍ ച‍ർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസപ്പെടുത്താൻ നീക്കം ഉണ്ടായേക്കും.

തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്‍റെ പരാമർശങ്ങൾ ചൈനയ്ക്ക് അനുകൂലമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.

ഡിസംബർ ഒമ്പതിനാണ്‌ അരുണാചലിലെ തവാങ്ങിനോട്‌ ചേർന്ന്‌ ഇന്ത്യ–- ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായത്‌. സാഹചര്യം വിശദീകരിച്ച്‌ ചൊവ്വാഴ്‌ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ പാർലമെന്റിന്റെ ഇരുസഭയിലും പ്രസ്‌താവന നടത്തിയിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിമാർ പ്രസ്‌താവന നടത്തുമ്പോൾ രാജ്യസഭയിൽ പതിവുള്ള വ്യക്തത വരുത്തൽ ചോദ്യങ്ങൾക്കുള്ള അവസരവും നിഷേധിക്കപ്പെട്ടു. തന്ത്രപ്രധാന വിഷയങ്ങളിൽ ഇത്തരം ചർച്ച അനുവദിക്കാനാകില്ലെന്ന നിലപാടാണ്‌ സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ സ്വീകരിച്ചത്‌. തുടർന്ന് ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *