കാലുതിരുമാന്‍ പരിചാരകര്‍, ഫൈവ് സ്റ്റാര്‍ പരിചരണം; തിഹാര്‍ ജയിലില്‍ നിന്നും സത്യേന്ദ്ര ജെയിന്റെ വിഡിയോ പുറത്ത്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിന് പിന്നാലെ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിന് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരിഗണന ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോ പുറത്ത്. സത്യേന്ദ്ര ജെയിന് ജയിലിനുള്ളില്‍ സുഖചികിത്സ ഉള്‍പ്പെടെ ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കട്ടിലില്‍ വിശ്രമിക്കുന്ന ജെയിന്റെ കാല് ഒരാള്‍ മസാജ് ചെയ്ത് നല്‍കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുന്നത്.
മെയ് 30നാണ് സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷം മന്ത്രിക്ക് ജയിലില്‍ 5സ്റ്റാര്‍ പരിചരണമാണ് ലഭിക്കുന്നതെന്നാണ് ആരോപണം. ജയിലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
ഡല്‍ഹിയിലെ ജയില്‍ മന്ത്രി കൂടിയാണ് സത്യേന്ദ്ര ജെയിന്‍. കേസ് പരിഗണിക്കുന്ന വേളയില്‍ തന്നെ ജെയിന് ജയിലില്‍ ചട്ട വിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ജെയിനെ മറ്റേതെങ്കിലും സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റാനാകും ഇ ഡി നീക്കം നടത്തുക. അഞ്ച് മാസത്തിലേറെയായി ജെയിന്‍ കഴിയുന്ന ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ സൂപ്രണ്ടിനെ ഈ ആഴ്ച ആദ്യം മന്ത്രിയ്ക്ക് വിഐപി പരിഗണന നല്‍കിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.