കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചു; യൂട്യൂബർക്കെതിരെ കേസ്
കൊല്ലം കുളത്തൂപ്പുഴയിൽ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചതിന് യൂട്യൂബർക്കെതിരെ കേസ്.
കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു.
7 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. മാമ്പഴത്തറ വലത്തിൽ വെച്ച് കാട്ടാനാ ഓടിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ഇവർ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത്. അമ്പനാർ ഡെപ്യൂട്ടി റൈഞ്ച് ഓഫീസർ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.
കാട്ടിൽ ഹെലികാം പറത്തിയതോടെയാണ് കാട്ടാന വിരണ്ടോടിയത്. ഇതിന് ശേഷം കാട്ടാത വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കിളിമാനൂർ സ്വദേശി അമല അനുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.