കൃഷ്ണ സാന്നിധ്യം ഒരിടത്ത് മാത്രമല്ലല്ലോ’; ദുരിതാശ്വാസഫണ്ടില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഹര്‍ജിയില്‍ സ്റ്റേ
ദില്ലി: ഗുരുവായൂരപ്പന്റെ ഭക്തരുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതയെന്ന വാദമാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ മുന്നോട്ട് വച്ചത്. ധർമ്മത്തിനായി പ്രവർത്തിച്ച ദൈവമാണ് ശ്രീകൃഷ്‌ണൻ. അതിനാൽ കൃഷ്ണന്റെ പേരിൽ ഉള്ള ക്ഷേത്രത്തിന് പൊതു ജനങ്ങൾക്കായി പണം ചെലവഴിക്കാവുന്നത് ആണെന്നും ദേവസ്വം ബോർഡ് വാദിച്ചു. ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകർ ആയ ആര്യാമ സുന്ദരം, ആർ വെങ്കിട്ടരമണി, അഭിഭാഷകൻ എം എൽ ജിഷ്ണു എന്നിവർ ഹാജരായി.
പൊതു ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോർഡ് സംഭാവന ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ എന്നും കോടതി വാക്കാൽ ആരാഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ക്ഷേത്രത്തിന് ലഭിക്കുന്ന പണം ചെലവഴിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ ദേവസ്വം ബോര്ഡിന് അധികാരമില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.തുടർന്ന് കേസിലെ എതിർ കക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. ഒക്ടോബർ പത്തിനകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ എതിർ കക്ഷികളോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രളയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുളള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ കൈമാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ കാണിക്ക എടുത്തല്ല ചെയര്‍മാന്‍ കേസ് നടത്തേണ്ടതെന്നാണ് ബിജെപിയുടെ വാദം. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് 10 കോടി രൂപ ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് നല്‍കിയതെന്നും ബിജെപി ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ദേവസ്വം വ്യക്തമാക്കി.