Thursday, April 10, 2025
National

കേന്ദ്ര ആരോഗ്യമന്ത്രി വേഷം മാറി ആശുപത്രിയിലെത്തി; കിട്ടിയത് സുരക്ഷാ ജീവനക്കാരുടെ മർദനം

 

ആശുപത്രികളുടെ പ്രവർത്തനം നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി വേഷം മാറിയെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് മർദനമേറ്റതായി വെളിപ്പെടുത്തൽ. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹം വേഷം മാറിയെത്തിയത്. മന്ത്രിയെ തിരിച്ചറിയാതെ സുരക്ഷാ ജീവനക്കാർ ഇദ്ദേഹത്തെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതേ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടന സമയത്ത് മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗേറ്റിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ തന്നെ മർദിച്ചതായും ബഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിച്ചതായും മന്ത്രി വെളിപ്പെടുത്തി. ഒട്ടേറെ രോഗികൾ സ്‌ട്രെച്ചറുകളും മറ്റും ലഭിക്കാതെ ദുരിതമനുഭവിക്കുന്നതും നേരിട്ട് കണ്ടതായി അദ്ദേഹം പറഞ്ഞു. തന്റെ മകന് വേണ്ടി ഒരു സ്‌ട്രെച്ചർ നൽകാൻ കേണപേക്ഷിക്കുന്ന 75കാരിയെ കണ്ടു. 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയിൽ ഒരാൾ പോലും അവരുടെ സഹായത്തിനെത്തിയില്ല

തനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. ജീവനക്കാരനെ പുറത്താക്കിയോ എന്ന ചോദ്യത്തിന് വ്യവസ്ഥിതി മാറാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് എന്ത് കാര്യമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *