Monday, March 10, 2025
National

ഉത്സവങ്ങള്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുന്നു; കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: ആളുകള്‍ കൂട്ടം കൂടുന്ന ഉത്സവങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. കേരളത്തില്‍ ഓണാഘോത്തിന് ശേഷം രോഗം രൂക്ഷമായെന്നും എസ്.ബി.ഐ റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

 

വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്ന് ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ പാലിക്കുന്നതില്‍ വീഴ്ചസംഭവിക്കുന്നത് കോവിഡ് 19 കേസുകളില്‍ വലിയ വര്‍ധനയുണ്ടാക്കുമെന്ന് ആശങ്കയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

 

നിയന്ത്രണമില്ലാത്ത ഉത്സവാഘോഷങ്ങള്‍ എങ്ങനെ രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിന് കേരളത്തെ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേരളത്തിലെ ആകെ കേസുകളുടെ 60 ശതമാനവും രേഖപ്പെടുത്തിയത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ്. ക്രമാനുഗതമായി കേസുകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം 11,755 പുതിയ കേസുകള്‍ ഉണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഓഗസ്റ്റ് 22നും സെപ്തംബര്‍ രണ്ടിനും ഇടയില്‍ നടന്ന ഓണാഘോഷമാണ് പിന്നീടിങ്ങോട്ട് വലിയ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *