ശ്രമിക് ട്രെയിൻ യാത്രക്കിടെ മരിച്ചത് 97 പേരെന്ന് കേന്ദ്രം; ആഗസ്റ്റ് വരെ 4621 സർവീസുകൾ നടത്തി
ലോക്ക് ഡൗൺ കാലത്ത് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവർക്കായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിൻ യാത്രക്കിടയിൽ 97 പേർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. സെപ്റ്റംബർ 9 വരെയുള്ള കാലയളവിൽ 97 പേർ മരിച്ചതായാണ് റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെ മറുപടി. തൃണമൂൽ അംഗം ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി
97 കേസുകളിൽ 87 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 51 പേരുടെ മരണത്തിന് കാരണമായത് ഹൃദയസ്തംഭനം, ഹൃദയസംബന്ധിയായ തകരാറുകൾ, ബ്രെയിൻ ഹെമറേജ്, നേരത്തെയുള്ള അസുഖങ്ങൾ, കരൾ രോഗം എന്നിവയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
മെയ് 1നും ആഗസ്റ്റ് 31നും ഇടയിൽ 4621 സർവീസുകൾ നടത്തി. 63,19,000 യാത്രക്കാരാണ് ശ്രമിക് ട്രെയിൻ സൗകര്യം പ്രയോജനപ്പെടുത്തിയത്. 97 മരണവും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അതാത് സംസ്ഥാനങ്ങളിൽ അന്വേഷണം നടക്കുന്നവയാണെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി.