തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
മാനന്തവാടി:മാനന്തവാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കണിയാരം, എരുമത്തെരുവ് മാനന്തവാടി ടൗണ്‍ എന്നിവിടങ്ങളില്‍ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മാനന്തവാടി കോഴിക്കോട് റോഡില്‍ വച്ച് കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ വച്ച് കണിയാരം കടപ്പൂര് അമല്‍ജോസഫ് (17 ) എന്നിവര്‍ക്ക് ഇന്നലെയും, ഇന്ന് രാവിലെ പത്ര വിതരണം ചെയ്യുന്ന സമയത്ത് കണിയാരം കെ.എസ്.ഇ .ബി.ഓഫീസിനു സമീപത്തുവച്ച് പത്ര ഏജൻ്റ് കണിയാരം ഈന്തു കുഴിയില്‍ ചാക്കോ (65)എന്നിവര്‍ക്കാണ് കടിയേറ്റത്.ഇന്നലെ കണിയാരത്തുവെച്ച് ഒരു തമിഴ്‌നാട് സ്വദേശിക്കും കടിയേറ്റതായി പറയുന്നു. ഇവരെ മാനന്തവാടി ജില്ലാശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപ കാലത്ത് മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായതിനാല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറാവണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.