സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ ഇഡിക്ക് കഴിഞ്ഞില്ല; എട്ട് ദിവസത്തെ കസ്റ്റഡി 23 ന് അവസാനിക്കും
കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിച്ചില്ല. എട്ട് ദിവസത്തെ കസ്റ്റഡി 23 ന് അവസാനിക്കും. ആദ്യദിവസം കസ്റ്റഡി ഉത്തരവിൽ മന്ത്രി ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതോടെ ചോദ്യം ചെയ്യാനായില്ല. പിന്നീട് ഉത്തരവിൽ ഒപ്പുവെച്ചെങ്കിലും, നിരീക്ഷണത്തിൽ തുടരുന്ന മന്ത്രിയെ കാണാൻ ഇ.ഡിയ്ക്ക് ഡോക്ടർമാർ അനുമതി നൽകിയില്ല. 21 ന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തുമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്.
അതിന് ശേഷം ചോദ്യം ചെയ്യൽ അസാധ്യമാകും. ആദ്യ ദിവസങ്ങളിൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനായിരുന്നു ഇ.ഡി ശ്രമിച്ചത്. എന്നാൽ ഡോക്ടർമാർ അനുമതി നൽകാതിരുന്നത് തിരിച്ചടിയായി. അതിനിടെ സെന്തിൽ ബാലാജി വിഷയത്തിൽ ഗവർണറെയും , ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബുവിനെയും അപമാനിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ ചെന്നൈ കൊടുങ്ങയൂർ പൊലീസ് അറസ്റ്റു ചെയ്തു.
ഖുശ്ബുവിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പതിവായി സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്ന ശിവാജി കൃഷ്ണമൂർത്തിയെ ഡിഎംകെയിൽ നിന്ന് പുറത്താക്കി.