കർണാടക തെരഞ്ഞെടുപ്പ്: സച്ചിൻ പൈലറ്റിനെ ഒഴിവാക്കി കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷെട്ടാർ 40 പേരുടെ പട്ടികയിൽ ഇടം നേടി. അതേസമയം പട്ടികയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഉൾപ്പെടുത്തിയ കോൺഗ്രസ് സച്ചിൻ പൈലറ്റിനെ ഒഴിവാക്കി.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ എംപി, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ, എൽ.ഒ.പി സിദ്ധരാമയ്യ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. രമേശ് ചെന്നിത്തലയും പട്ടികയിലുണ്ട്. അഭിനേതാക്കളായ ഉമാശ്രീ, രമ്യ (ദിവ്യ സ്പന്ദന), ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരും പട്ടികയിലുണ്ട്.
2018 കർണാടക തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിൽ സച്ചിൻ പൈലറ്റ് ഉൾപ്പെട്ടിരുന്നു. അടുത്തിടെ സമാപിച്ച അസം തെരഞ്ഞെടുപ്പിന്റെ സ്റ്റാർ പ്രചാരകരിൽ ഒരാളായിരുന്നു 45 കാരനായ അദ്ദേഹം. രാജസ്ഥാനിലെ ചേരിപ്പോരു കാരണമാണ് സച്ചിനെ ഒഴിവാക്കിയത്.