സ്ത്രീധന പീഡനം; ഭാര്യയുടെ ആത്മഹത്യയില്‍ പഞ്ചാബ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍
സ്ത്രീധന പീഡന കേസില്‍ പഞ്ചാബ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. ചരിത്ര വിഭാഗം അധ്യാപകനായിരുന്ന സച്ചിന്‍ ചാഹല്‍ (30)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാളുടെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
മുന്‍ ദേശീയ അമ്പെയ്ത്ത് കളിക്കാരിയാണ് മരിച്ച 27കാരിയായ യുവതി. യുവതിയുടെ പിതാവിന്റെ പരാതിയിലാണ് അസി.പ്രൊഫസര്‍ അറസ്റ്റിലാകുന്നത്. 2022ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞതുമുതല്‍ ഛണ്ഡിഗഢില്‍ യുവതിയുടെ കുടുംബത്തിനുണ്ടായിരുന്ന ഫ്‌ളാറ്റിനും കാറിനും വേണ്ടി മകളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ചയാണ് യുവതി തൂങ്ങിമരിക്കുന്നത്. മുറിയില്‍ കയറി വാതില്‍ അടച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് സച്ചിന്‍ തന്നെയാണ് ഭാര്യാപിതാവിനെ ഫോണില്‍ ബന്ധപ്പെട്ടത്. പിതാവിന്റെ നിര്‍ബന്ധനത്തിന് വഴങ്ങി ഇയാള്‍ വാതില്‍ തകര്‍ത്തതോടെയാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സ്ത്രീധന പീഡനമെന്ന ആരോപണം സച്ചിന്റെ കുടുംബം നിഷേധിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.