ഗുജറാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേയ്ക്ക് ട്രക്ക് പാഞ്ഞുകയറി 15 മരണം; ആറുപേര്‍ക്ക് പരിക്ക്
അഹമ്മദാബാദ്: സൂറത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ശരീരത്തേയ്ക്ക് ട്രക്ക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കൊസാംബ ഗ്രാമത്തിലാണ് സംഭവം. റോഡരികില്‍ കിടന്നുറങ്ങിയവരുടെ ദേഹത്തേയ്ക്കാണ് ട്രക്ക് പാഞ്ഞ് കയറിയത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. 12 പേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ ചികില്‍സയിലാണ്.
മരണപ്പെട്ടവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡയില്‍നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. കരിമ്പ് കയറ്റിയ ട്രാക്ടറില്‍ ട്രക്ക് ഇടിച്ചു. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുന്ന നടപ്പാതയ്ക്ക് മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് സൂറത്തിലെ കാംരാജ് ഡിവിഷന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് സി എം ജഡേജ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം പ്രകടിപ്പിച്ചു. സൂറത്തില്‍ ട്രക്ക് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത ഏറെ ദു:ഖകരമാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു.