കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ വാക്‌സിൻ കുത്തിവെപ്പ് കുറയുന്നു; അതൃപ്തി അറിയിച്ച് കേന്ദ്രം
കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ വാക്‌സിൻ കുത്തിവെപ്പ് കുറയുന്നതിൽ അതൃപ്തി വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതിൽ ഏറ്റവും കുറവ് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. കേരളത്തിൽ 25 ശതമാനത്തിൽ താഴെയാണ് വാക്‌സിൻ കുത്തിവെപ്പ് എടുത്തവരുടെ എണ്ണം
വാക്‌സിലിനുള്ള സംശയത്തെ തുടർന്നാണ് കുത്തിവെപ്പ് കുറയുന്നതെന്ന് കേരളം പറയുന്നു. തമിഴ്‌നാട്ടിലും 25 ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നടന്നത്. പഞ്ചാബും ചത്തിസ്ഗഢും തൊട്ടുപിന്നാലെയുണ്ട്.
വാക്‌സിനേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വീഡിയോ കോൺഫറൻസിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്
കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് മികച്ച രീതിയിൽ കുത്തിവെപ്പ് തുടരുന്നത്. കേരളത്തിൽ ശനിയാഴ്ച 8062 പേരാണ് കുത്തിവെപ്പ് എടുത്തത്. തമിഴ്‌നാട്ടിൽ 2945 പേരും ആന്ധ്രയിൽ 18,412 പേരും കർണാടകയിൽ 13,594 പേരും തെലങ്കാനയിൽ 3653 പേരുമാണ് കുത്തിവെപ്പ് എടുത്തത്.
തിങ്കളാഴ്ച തമിഴ്‌നാട്ടിൽ 7628 പേർ കുത്തിവെപ്പെടുത്തു. കേരളത്തിൽ 7070 പേരും ചത്തിസ്ഗഢിൽ 4459 പേരും പഞ്ചാബിൽ 1882 പേരുമാണ് കുത്തിവെപ്പ് എടുത്തത്.