24 മണിക്കൂറിനിടെ 96,424 രോഗികൾ; 52 ലക്ഷം കടന്ന് രാജ്യത്ത് കോവിഡ് ബാധിതർ
ന്യൂ ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 96,424 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 52 ലക്ഷം കടന്നു. 52,14,678 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സജീവ കേസുകള്‍ 10,17,754 ആണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 41,12,552 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ഒറ്റദിവസത്തിനിടെ 1,174 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 84,372 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.