അസം വെളളപ്പൊക്കം; കാസിരംഗ നാഷണൽ പാർക്കിൽ ജാഗ്രത നിർദ്ദേശം, വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
ദിസ്പൂർ: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. അസമിലും സിക്കിമിലും മേഘാലയിലുമാണ് വെള്ളപ്പൊക്കം ഉണ്ടായത്. ത്രിപുരയില്‍ കനത്ത മഴയില്‍ അഗർത്തല ഉള്‍പ്പെടെയുള്ള നഗരമേഖല വെളളത്തിലായി. അസമില്‍ ബ്രഹ്മപുത്ര നദി കര കവിഞ്ഞു ഒഴുകയാണ്. കാസിരംഗ നാഷണല്‍ പാര്‍ക്കിന് അധികൃതർ ജാഗ്രത നിര്‍ദേശം നല്‍കി.
അസമില്‍ ദിവസങ്ങളായി തുടരുന്ന മഴ പത്ത് ജില്ലകളിലെ പല മേഖലകളും വെള്ളത്തിനടിയിലാക്കി. ജോർഹാത്ത്, കാംരൂപ്, കോപിലി തുടങ്ങയിടങ്ങളിലെല്ലാം ബ്രഹ്മപുത്ര നദി അപായനിലക്കും മുകളിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 40,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. പലയിടങ്ങിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കാസിരംഗ നാഷണൽ പാര്‍ക്കില്‍ വെള്ളം കയറുമെന്നതിനാല്‍ അധികൃതർക്ക് ജാഗ്രതയിലാണ്.
വെള്ളം ഉയരുകയാണെങ്കില്‍ മൃഗങ്ങളെ മാറ്റാന്‍ നാല്‍പ്പത് ഉയർന്ന സ്ഥലങ്ങള്‍ വനം വകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. മേഘാലയില്‍ 79 ഗ്രാമങ്ങളെ വെള്ളംപൊക്കം ബാധിച്ചു. ഇരുനൂറോളം വീടുകള്‍ പ്രകൃതിദുരന്തത്തില്‍ നശിച്ചതായാണ് കണക്കുകള്‍. മലമ്പ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സിക്കിമില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ആദ്യം 2100 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നൂറോളം പേർ ഒറ്റപ്പെട്ട മേഖലയില്‍ കുടുങ്ങിപ്പോയിരുന്നു. ഇവരെയും ഇന്ന് സൈന്യം രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സിക്കിമില്‍ കഴിഞ്ഞ 3 ദിവസമായി കനത്ത മഴ തുടരുകയാണ്. ത്രിപുരയില്‍ നഗരമേഖലയില്‍ വെള്ളം കയറി വാഹനങ്ങളടക്കം കുടുങ്ങിയതോടെ ജനജീവിതം ദുരിതത്തിലായി.