Saturday, January 4, 2025
National

കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ്; പിണറായിക്ക് പിന്നാലെ അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല

കർണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺ​ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പിണറായിയും കെജ്രിവാളും ഒഴികെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കോൺഗ്രസ്‌ മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് ക്ഷണമുള്ളത്.

ഇതിന് പുറമേ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിന് ശേഷം സിദ്ധാരമയ്യയും ഡികെ ശിവകുമാറും ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും.

നാടകീയ നീക്കങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു.

ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും. ശനിയാഴ്ച ഉച്ചക്ക് 12.30നായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക്​ ക്ഷണിക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെയും ക്ഷണിക്കാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *