രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് തുറക്കും
ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് തുറക്കും. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് പ്രവർത്തനം ആരംഭിക്കുക. കമ്പനി ഇന്ത്യയില്‍ 25 വര്‍ഷക്കാലം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക സ്‌റ്റോര്‍ ആരംഭിക്കുന്നത്. അതേസമയം ലോഞ്ചിംഗിൽ പങ്കെടുക്കാൻ ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിലെത്തി. ടീം കുക്ക് നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇതുവരെ ആപ്പിൾ ഇന്ത്യയിൽ റീസെല്ലര്‍മാര്‍ മുഖേനയാണ് ഐഫോണുകള്‍, ഐപാഡുകള്‍, ഐമാക്കുകള്‍ എന്നിവ വിറ്റഴിച്ചിരുന്നത്. ഇനി ഇന്ത്യയില്‍ നിന്നു തന്നെ നേരിട്ടുള്ള സ്‌റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് ഇവ വാങ്ങാന്‍ കഴിയും. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിനുള്ളില്‍ 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് മുംബൈ സ്റ്റോര്‍. ഈ സ്റ്റോറിനായി ആപ്പിള്‍ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നല്‍കുമെന്നാണ് റിപ്പോർട്ട്.
18 ഓളം ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീം ആയിരിക്കും ആപ്പിള്‍ സ്റ്റോറിലുണ്ടാവുക. മുംബൈയില്‍ സ്‌റ്റോര്‍ തുറക്കുന്നതിന് പിന്നാലെ ഏപ്രില്‍ 20 ന് ഡല്‍ഹിയിലും ആപ്പിള്‍ സ്റ്റോര്‍ തുറക്കും. ഇന്ത്യയിലെത്തുന്ന ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറക്കുന്നത് ആപ്പിളിന്റെ ശക്തമായ ചുവടുറപ്പിക്കലാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.