Thursday, January 2, 2025
National

കേരളത്തിന് കുടിശിക തരാൻ കേന്ദ്രം തീരുമാനിച്ചെന്ന് ബാലഗോപാൽ; എജി രേഖ നൽകിയ 6 സംസ്ഥാനങ്ങൾക്ക് മാത്രമെന്ന് നിർമല

ദില്ലി: ജി എസ് ടി ട്രൈബ്യൂണലിൽ കേരളത്തിന് തരാനുള്ള കുടിശ്ശിക തരാൻ തീരുമാനമായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജി എസ് ടി ട്രൈബ്യൂണലിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കേരള ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് കിട്ടാനുള്ള ജി എസ് ടി നഷ്ട പരിഹാര കുടിശ്ശിക തരാൻ കേന്ദ്രം തീരുമാനിച്ചു എന്നും ഒരാഴ്ചക്കുള്ളിൽ ഇത് ലഭ്യമാകുമെന്നുമാണ് ബാലഗോപാൽ പറഞ്ഞത്. സാങ്കേതികപരമായി ഉദ്യോഗസ്ഥർ നൽകേണ്ട രേഖകൾ കൊടുക്കുമെന്നും അത് നടപടിക്രമം അനുസരിച്ച് നടക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. സി ആൻഡ് എ ജി കേന്ദ്ര ഗവൺമെന്‍റ് ഉദ്യോഗസ്ഥരാണെന്നും നടപടിക്രമം അനുസരിച്ച് അവരുടെ പ്രവർത്തികൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജി എസ് ടി ട്രൈബ്യൂണലിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത് 6 സംസ്ഥാനങ്ങളാണ് എ ജി സർട്ടിഫിക്കറ്റ് നൽകിയതെന്നും അവർക്ക് തുക അനുവദിക്കുമെന്നുമാണ്. ബാക്കിയുള്ള സംസ്ഥാനങ്ങൾ എ ജി റിപ്പോർട്ട് നൽകണമെന്നും അതിന് ശേഷം മാത്രമേ തുക അനുവദിക്കുകയുള്ളു എന്നും നി‍ർമല വ്യക്തമാക്കി. ഓഡിറ്റ് രേഖ ആവശ്യപ്പെട്ടതിന്‍റെ അർത്ഥം നഷ്ടപരിഹാര തുക അനുവദിക്കില്ല എന്നല്ലെന്നും അവർ വിശദീകരിച്ചു. 90% തുകയും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നേരത്തെ ലഭ്യമാക്കിയിരുന്നുവെന്നും ബാക്കി തുക എ ജി രേഖ ലഭ്യമാക്കിയ ശേഷം നൽകുമെന്നും കേന്ദ്ര ധനമന്ത്രി വിവരിച്ചു.

അതേസമയം ജി എസ് ടി ട്രിബ്യൂണലിൽ പലകാര്യങ്ങളിലും തീരുമാനം ആയില്ലെന്ന സൂചനകളാണ് പുറത്തവരുന്നത്. പല വിഷയങ്ങളിലും സംസ്ഥാനങ്ങൾ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. അടുത്ത ജി എസ് ടി യോഗം തമിഴ് നാട്ടിലെ മധുരയിൽ ചേരാൻ തീരുമാനിച്ചാണ് ഇന്നത്തെ ജി എസ് ടി ട്രിബ്യൂണൽ അവസാനിച്ചത്. ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്കെല്ലാം ഇന്നുതന്നെ നഷ്ടപരിഹാരം ലഭിക്കുമെന്ന് നിർമ്മല സീതരാമൻ പറഞ്ഞത് തമിഴ്നാടിന് ഗുണമാണെന്ന് തമിഴ്നാട് ധനമന്ത്രി പ്രതികരിച്ചു. ഇതുവഴി നാലായിരം കോടി തമിഴ്നാടിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *