മദ്യ അഴിമതിക്കേസ്: മനീഷ് സിസോദിയക്ക് വീണ്ടും സിബിഐ നോട്ടീസ്
ഡൽഹി മദ്യ കുംഭകോണക്കേസിൽ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയക്ക് വീണ്ടും സിബിഐ നോട്ടീസ്. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ശനിയാഴ്ച ട്വീറ്റിലൂടെ സിസോദിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തോട് സഹകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു.
മനീഷ് സിസോദിയയ്‌ക്കെതിരെ ലഭ്യമായ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിസോദിയയ്ക്കും മറ്റ് 14 പേർക്കുമെതിരെ സിബിഐ പ്രത്യേക കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മദ്യക്കച്ചവടക്കാർക്ക് ലൈസൻസ് നൽകുന്ന ഡൽഹി സർക്കാരിന്റെ നയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ചില ഡീലർമാരിൽ നിന്നും വൻതുക കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
“നാളെ ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഇഡിയുടെയും സിബിഐയുടെയും മുഴുവൻ അധികാരവും എനിക്കെതിരെ ഉപയോഗിച്ചു. ഉദ്യോഗസ്ഥർ എന്റെ വീട്ടിൽ റെയ്ഡ് നടത്തി, ബാങ്ക് ലോക്കർ പരിശോധിച്ചു, പക്ഷേ എനിക്കെതിരെ ഒന്നും കണ്ടെത്തിയില്ല. ഡൽഹിയിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അവർ എന്നെ തടയാൻ ആഗ്രഹിക്കുന്നു. അന്വേഷണവുമായി എപ്പോഴും സഹകരിച്ചിട്ടുണ്ട്, മുന്നോട്ടും തുടരും” – സിസോദിയ ട്വീറ്റിൽ കുറിച്ചു.