തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാകുന്നു; ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല
തമിഴ് നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. നിയമസഭ പാസാക്കിയ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ല്, ഗവര്‍ണര്‍ ആര്‍.എന്‍. രവി ഒപ്പുവെയ്ക്കാതെ അസാധുവായി. മാസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ല് നിയമസഭയില്‍ പാസാക്കിയത്. ഗവര്‍ണര്‍ ഒപ്പിടാതെ ബില്ലിന്റെ കാലാവധി അവസാനിച്ചതോടെ, രൂക്ഷമായ പ്രതിഷേധമാണ് തമിഴ് നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും ഗവര്‍ണര്‍ക്കെതിരെ ഉയരുന്നത്.
ഓണ്‍ലൈന്‍ റമ്മിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ്, തമിഴ് നാട്ടില്‍ ഇത് നിരോധിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 19ന് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല്, ഐക്യകണ്‌ഠേനെ സഭയില്‍ പാസാവുകയും ചെയ്തു. 28ന് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. നവംബര്‍ 24നാണ് ബില്ലില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാറിന് നോട്ടിസ് നല്‍കിയത്. പിറ്റെ ദിവസം തന്നെ ഇതിനു സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ബില്ലില്‍ ഒപ്പുവെയ്ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.
ബില്ലുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി നിരവധി തവണ മന്ത്രി രഘുപതി, ഗവര്‍ണറെ കാണാന്‍ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. 28ന് കാലാവധി അവസാനിച്ചതോടെ ബില്ല് അസാധുവായി. ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഗവര്‍ണര്‍ പദവി തന്നെ എന്തിനാണെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ആദ്യം ഒഴിവാക്കേണ്ടത് ആ പദവിയാണെന്നും കനിമൊഴി എം പി പ്രതികരിച്ചു.
ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും ബില്ലുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കാലതാമസം കൂടാതെ നല്‍കിയിട്ടുണ്ടെന്നും മന്ത്രി രഘുപതി പറഞ്ഞു. വിടുതലൈ സിരുത്തെ അധ്യക്ഷന്‍ തോള്‍ തിരുമാവലവന്‍, എഎംഎംകെ അധ്യക്ഷന്‍ ടിടിവി ദിനകരന്‍ എന്നിവര്‍ ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍, പിഎംകെ നേതാവ് അന്‍പുമണി രാംദാസ് ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.